ഗില്ലിനും ജയ്‌സ്വാളിനും സെഞ്ച്വറി; ആദ്യ ദിനം തന്നെ ഇംഗ്ലണ്ടിനെ വിറപ്പിച്ച് ഇന്ത്യയുടെ യുവനിര

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യക്ക് മികച്ച നിലയിൽ. ആദ്യ ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 359 റൺസ് എന്ന നിലയിലാണ്. രണ്ട് സെഞ്ച്വറിയും ഒരു അർധസെഞ്ച്വറിയും ആദ്യ ദിനം തന്നെ പിറന്നു. ഇംഗ്ലീഷ് ബൗളർമാരെ തെല്ലും കൂസാതെ ബാറ്റ് വീശുന്ന ഇന്ത്യൻ യുവനിരയെയാണ് ലീഡ്‌സിൽ കണ്ടത്
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്കായി കെഎൽ രാഹുലും യശസ്വി ജയ്‌സ്വാളും ചേർന്ന് സ്വപ്‌നതുല്യ തുടക്കം തന്നെ നൽകി. സ്‌കോർ 91ൽ 42 റൺസെടുത്ത രാഹുൽ മടങ്ങി. പിന്നീട് എത്തിയ സായ് സുദർശനും തൊട്ടുപിന്നാലെ മടങ്ങിയതോടെ ഇന്ത്യ 2ന് 92 എന്ന നിലയിലായി. എന്നാൽ നാലാമനായി ക്രീസിലെത്തിയ ഗില്ലും ജയ്‌സ്വാളും ചേർന്ന് ഇന്ത്യക്ക് അടിത്തറ പാകുകയായിരുന്നു
ജയ്‌സ്വാൾ 159 പന്തിൽ ഒരു സിക്‌സും 16 ഫോറും സഹിതം 101 റൺസ് എടുത്ത് പുറത്താകുമ്പോൾ ഇന്ത്യൻ സ്‌കോർ 221ൽ എത്തിയിരുന്നു. പിന്നാലെ ഗില്ലും സെഞ്ച്വറി തികച്ചു. അഞ്ചാമനായി ക്രീസിലെത്തിയ റിഷഭ് പന്ത് അർധ സെഞ്ച്വറിയും പിന്നിട്ടു. കളി നിർത്തുമ്പോൾ 127 റൺസുമായി ഗില്ലും 65 റൺസുമായി പന്തുമാണ് ക്രീസിൽ. 4.22 റൺസ് ശരാശരിയിലാണ് ഇന്ത്യൻ സ്‌കോറിംഗ് കുതിച്ചത്.
The post ഗില്ലിനും ജയ്‌സ്വാളിനും സെഞ്ച്വറി; ആദ്യ ദിനം തന്നെ ഇംഗ്ലണ്ടിനെ വിറപ്പിച്ച് ഇന്ത്യയുടെ യുവനിര appeared first on Metro Journal Online.