മാഞ്ചസ്റ്റർ ടെസ്റ്റിൽ ഇംഗ്ലണ്ടിന് പടുകൂറ്റൻ ലീഡ്; ഇന്ത്യക്ക് സ്‌കോർ ബോർഡ് തുറക്കും മുമ്പ് രണ്ട് വിക്കറ്റ് നഷ്ടമായി

മാഞ്ചസ്റ്റർ ടെസ്റ്റിൽ രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യക്ക് ദയനീയ തുടക്കം. 311 റൺസിന്റെ കൂറ്റൻ ലീഡ് വഴങ്ങി രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യക്ക് സ്‌കോർ ബോർഡ് തുറക്കും മുന്നേ ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. ആദ്യ ഓവറിലെ നാലാം പന്തിൽ യശസ്വി ജയ്‌സ്വാളാണ് ആദ്യം വീണത്. തൊട്ടടുത്ത പന്തിൽ സായ് സുദർശനും പുറത്തായി
ഇതോടെ ഇന്ത്യ പൂജ്യത്തിന് 2 വിക്കറ്റ് എന്ന നിലയിലേക്ക് വീണു. നിലവിൽ ഒരു റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിംഗ് തുടരുന്നത്. ശുഭ്മാൻ ഗില്ലും കെഎൽ രാഹുലുമാണ് ക്രീസിൽ. ഇന്നിംഗ്‌സ് തോൽവിയാണ് ഇന്ത്യ മുന്നിൽ കാണുന്നത്.
ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 358 റൺസിന് ഓൾ ഔട്ടായിരുന്നു. ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 669 റൺസെടുത്തു. ജോ റൂട്ട്, ബെൻ സ്‌റ്റോക്‌സ് എന്നിവരുടെ സെഞ്ച്വറികളും സാക് ക്രൗളി, ബെൻ ഡക്കറ്റ്, ഒലി പോപ് എന്നിവരുടെ അർധ സെഞ്ച്വറികളുമാണ് ഇംഗ്ലണ്ടിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. റൂട്ട് 150 റൺസും ബെൻ സ്‌റ്റോക്‌സ് 141 റൺസുമെടു്തതു. സാക് ക്രൗളി 84 റൺസും ബെൻ ഡക്കറ്റ് 94 റൺസും പോപ് 71 റൺസുമെടുത്തു.