വനിതാ ഏകദിന ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകാൻ കാര്യവട്ടവും; സെമി അടക്കം അഞ്ച് മത്സരങ്ങൾ

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വനിതാ ഏകദിന ലോകകപ്പിന് വേദിയാകാൻ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്ന മത്സരങ്ങളാണ് കാര്യവട്ടം സ്റ്റേഡിയത്തിലേക്ക് മാറ്റുന്നത്. ഐപിഎൽ വിജയാഘോഷത്തിനിടെ ചിന്നസ്വാമിയിൽ നടന്ന അപകടത്തിന്റെ പശ്ചാത്തലത്തിലാണ് മത്സരങ്ങൾ തിരുവനന്തപുരത്തേക്ക് മാറ്റുന്നത്.
സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. സെമി ഫൈനൽ അടക്കം അഞ്ച് മത്സരങ്ങൾ തിരുവനന്തപുരത്ത് നടക്കും. ഒക്ടോബർ മൂന്നിന് ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക മത്സരവും ഒക്ടോബർ 26ന് ഇന്ത്യ-ബംഗ്ലാദേശ് മത്സരവും നടക്കും. ഒക്ടോബർ 30ന് രണ്ടാം സെമി ഫൈനലും കാര്യവട്ടത്താണ്.
ടൂർണമെന്റിന് മുന്നോടിയായി സെപ്റ്റംബർ 25, 27 തീയതികളിൽ സന്നാഹ മത്സരങ്ങളും ഇവിടെയുണ്ടാകും. സെപ്റ്റംബർ 30നാണ് ലോകകപ്പ് ആരംഭിക്കുന്നത്. 2017ൽ ഫൈനൽ കളിച്ചതാണ് വനിത ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച നേട്ടം.
The post വനിതാ ഏകദിന ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകാൻ കാര്യവട്ടവും; സെമി അടക്കം അഞ്ച് മത്സരങ്ങൾ appeared first on Metro Journal Online.



