Sports

37 സിക്സ്, 349 റൺസ്; ടി20 ക്രിക്കറ്റിൽ പുതിയ ലോക റെക്കോഡ്

ബറോഡ: ട്വന്‍റി20 ക്രിക്കറ്റിൽ ലോക റെക്കോഡുകൾ തിരുത്തിക്കുറിച്ച് ബറോഡ്. സയീദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്‍റിൽ അവർ സിക്കിമിനെതിരേ നേടിയ 349/5, ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം സ്കോറാണ്. 37 സിക്സറുകളുമായി ഒറ്റ ഇന്നിങ്സിലെ ഏറ്റവും കൂടുതൽ സിക്സിന്‍റെ റെക്കോഡും ബറോഡയുടെ പേരിൽ എഴുതിച്ചേർക്കപ്പെട്ടു.

ക്രുണാൽ പാണ്ഡ്യ നയിക്കുന്ന ടീം ഹാർദിക് പാണ്ഡ്യ ഇല്ലാതെയാണ് ഈ മത്സരത്തിനിറങ്ങിയത്. സിക്കിമിന് 20 ഓവറിൽ നേടാനായത് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 86 റൺസ് മാത്രം. ഇതോടെ 263 റൺസ് ജയവും ബറോഡയ്ക്കു സ്വന്തം.

ഗാംബിയക്കെതിരേ സിംബാബ്വെ നേടിയ 344/4 എന്ന സ്കോറാണ് റെക്കോഡ് ബുക്കിൽ ബറോഡ മറികടന്നത്. അതേ മത്സരത്തിൽ സിംബാബ്വെ നേടിയ 27 സിക്സറുകൾ എന്ന റെക്കോഡും പത്ത് സിക്സറുകൾ അധികം നേടിക്കൊണ്ട് അവർ തിരുത്തിക്കുറിക്കുകയായിരുന്നു.

51 പന്തിൽ 134 റൺസെടുത്ത് പുറത്താകാതെ നിന്ന വൺഡൗൺ ബാറ്റർ ഭാനു പാനിയയാണ് ബറോഡയുടെ ടോപ് സ്കോറർ. ഒരു ടി20 മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സർ നേടുന്ന ഇന്ത്യക്കാരൻ എന്ന റെക്കോഡ് ഭാനു പാനിയയും ഈ മത്സരത്തിൽ സ്വന്തമാക്കി.

അതിനു മുൻപ് തന്നെ ഓപ്പണർമാർ ശാശ്വത് റാവത്തും (16 പന്തിൽ 43) അഭിമന്യു രജ്പുത്തും (17 പന്തിൽ 53) ചേർന്ന് കൂറ്റൻ സ്കോറിനുള്ള അടിത്തറയിട്ടിരുന്നു. പിന്നീട് വന്നവരിൽ ശിവാലിക് ശർമയും (17 പന്തിൽ 55) വിഷ്ണു സോളങ്കിയും (16 പന്തിൽ 50) കൂടി അർധ സെഞ്ചുറി നേടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button