Sports

എല്ലാവരും തോറ്റു പോയ ഈ കളിയില്‍ ബുംറ മാത്രം ചിരിക്കട്ടെ…

ഓസ്‌ട്രേലിയന്‍ പരമ്പരയിലും ഇന്ത്യ നാണം കെട്ടതോടെ രോഹിത് ശര്‍മ മുതല്‍ കോലി വരെയുള്ള സീനിയര്‍ താരങ്ങളെല്ലാം നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടവരും കനത്ത തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടവരുമാണ്. എന്നാല്‍, നാല് മത്സരങ്ങള്‍ പിന്നിട്ട ഈ പരമ്പരയില്‍ പറഞ്ഞ പണി കൃത്യമായും ഭംഗിയായും ചെയ്ത ഒരു താരമുണ്ട്. അദ്ദേഹത്തിന് ഈ തോവിയിലും ചിരിക്കാം. അതിനും കുറെ കാരണങ്ങളുണ്ട്.

ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ വിക്കറ്റുകള്‍ ഒന്നിന് പിന്നാലെ മറ്റൊന്നെന്ന നിലയില്‍ വീണു കൊണ്ടിരുന്നപ്പോഴും തളരാതെ ടീമിന്റെ നാണക്കേടിന്റെ പടുകുഴിയില്‍ നിന്ന് രക്ഷപ്പെടുത്തിയത് ഇന്ത്യന്‍ ബോളര്‍മാരാണ്. അവരില്‍ തന്നെ ഓപ്പണര്‍ ബൗളര്‍ ജസ്പ്രീത് ബുംറ വിട്ടു നില്‍ക്കുകയും ചെയ്യുന്നു.

നാലാം ടെസ്റ്റിലും തന്റെ ബോളിംഗ് കരുത്ത് വ്യക്തമായി കാണിച്ചുകൊടുത്ത ബുംറ നാലാം ടെസ്റ്റില്‍ മാത്രം വീഴ്ത്തിയത് ഒമ്പത് വിക്കറ്റാണ്. ഈ പരമ്പരയില്‍ ഇതിനകം 30 വിക്കറ്റുകള്‍ വീഴ്ത്തി കഴിഞ്ഞു ഈ യുവതാരം.

12.83 ശരാശരിയില്‍ മിന്നിക്കുന്ന ബുംറയുടെ പരമ്പരയിലെ ഇക്കോണമി 2.73 മാത്രമാണ്. മൂന്ന് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ ബുംറക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ഓസ്ട്രേലിയയില്‍ ഇത് നാലാം തവണയാണ് ബുംറ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്നത്. ആധുനിക ക്രിക്കറ്റിലെ പകരക്കാരനില്ലാത്ത ഇതിഹാസ ബൗളറാണ് താനെന്ന് അടിവരയിട്ട് തെളിയിക്കുന്ന ബൗളിങ് പ്രകടനമാണ് ബുംറ കാഴ്ചവെക്കുന്നതെന്ന് പറയാം.

ടെസ്റ്റിലെ അഞ്ച് വിക്കറ്റ് നേട്ടത്തില്‍ പാക്കിസ്ഥാന്റെ ഇതിഹാസ ബൗളര്‍ ഇംറാന്‍ ഖാനെയും ശ്രീലങ്കന്‍ മാന്ത്രിക സ്പിന്നര്‍ മുത്തയ്യ മുരളീധരന്റെയും റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ് താരം.

ജസ്പ്രീത് ബുംറയെ മറ്റ് ബൗളര്‍മാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ സ്ഥിരതയാണ്. ഈ പരമ്പരയില്‍ എല്ലാ മത്സരത്തിലും മികവ് കാട്ടാന്‍ ബുംറക്ക് സാധിച്ചിട്ടുണ്ട്. പെര്‍ത്തില്‍ നായകനായിരുന്ന ബുംറ മുന്നില്‍ നിന്ന് നയിച്ചാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്. പെര്‍ത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ ബുംറ അഡ്ലെയ്ഡില്‍ നാല് വിക്കറ്റ് പ്രകടനം നടത്തിയപ്പോള്‍ ഗാബയില്‍ ആറ് വിക്കറ്റ് പ്രകടനത്തോടെയാണ് കസറിയത്. മെല്‍ബണില്‍ നാല് വിക്കറ്റും അഞ്ച് വിക്കറ്റും വീഴ്ത്തി ബുംറ കൈയടി നേടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button