National

ഇന്ത്യന്‍ വീടുകളിലുള്ളത് 50,000 മെട്രിക് ടണ്‍ സ്വര്‍ണം; യുഎസ് ബേങ്കില്‍ 8,000 ടണ്‍ മാത്രം

ന്യൂഡല്‍ഹി: കുറച്ചുകാലമായി സ്വര്‍ണത്തിന്റെ തേരോട്ടത്തിനാണ് വിപണി സാക്ഷിയാവുന്നത്. എല്ലാ പിടുത്തവും വിട്ട് കുതിച്ചുപായുന്ന സ്വര്‍ണവില കണ്ട് ആവശ്യക്കാര്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ്. മക്കളുടെ വിവാഹംപോലുള്ള ആഘോഷങ്ങള്‍ക്ക് വില ഇങ്ങനെ കുതിച്ചാല്‍ എന്താണ് ഒരു പോംവഴിയെന്നാണ് പലരുടേയും ആധി. കഴിഞ്ഞ കുറച്ച് നാളുകളായി വില കുത്തനെ കൂടുന്നത് മാത്രമാണ് കാണുന്നത്. ഇടക്ക് ഒന്ന് കുറഞ്ഞാലും പൂര്‍വാധികം ശക്തിയോടെ കുതിച്ചു കയറും.

ഇന്ത്യക്കാരുടെ എക്കാലത്തേയും പ്രിയപ്പെട്ട ലോഹമായ സ്വര്‍ണ വിലയുടെ ചരിത്രം പരിശോധിച്ചാല്‍ 50 കൊല്ലം മുന്‍പ് ഒരു ഗ്രാം സ്വര്‍ണത്തിന് 63.25 രൂപയായിരുന്നൂവെന്ന് കേട്ടാല്‍ ചിലപ്പോള്‍ ചിലരെങ്കിലും ആശ്ചര്യപ്പെട്ടേക്കാം. അതാണ് ഇപ്പോള്‍ ഏഴായിരം കടന്നിരിക്കുന്നത്. 111% വര്‍ദ്ധനവാണ് സംഭവിച്ചത്. രണ്ടുവര്‍ഷം മുന്‍പ് ദുബായില്‍ 188 ദിര്‍ഹമായിരുന്നു സ്വര്‍ണത്തിന്റെ വില. ഇന്നലത്തെ വില 304 ദിര്‍ഹം. രണ്ട് വര്‍ഷത്തിനകം വര്‍ധന 62%. ഒരു ഗ്രാമിന് കൂടിയത് 116 ദിര്‍ഹം.

ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇന്ത്യക്കാര്‍ക്കു സ്വര്‍ണം ഒരു ലോഹമല്ല, മറിച്ച് അവരുടെ ആത്മാവും വികാരവുമൊക്കെയാണ്. നമ്മുടെ രാജ്യത്തെ വീടുകളില്‍ സൂക്ഷിക്കുന്നത് 50,000 മെട്രിക് ടണ്‍ സ്വര്‍ണമാണെന്നാണ് ഏകദേശ കണക്ക്. ഇത് കൂടാനെ വഴിയുള്ളൂ. വീടുകളിലുള്ളതും ആഭരണമായി ആളുകള്‍ ധരിച്ചുനടക്കുന്നത് ഉള്‍പ്പെടെയാണിത്. എന്നാല്‍ പ്രസിദ്ധമായ ക്ഷേത്രങ്ങളിലും പുരാവസ്തു ശേഖരത്തിലും സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം ഇതില്‍ ഉള്‍പ്പെടില്ല. സുരക്ഷിത നിക്ഷേപമെന്ന നിലയിലും കാശുള്ളവര്‍ സ്വര്‍ണംവാങ്ങി സൂക്ഷിക്കുന്നതും ആവശ്യം വര്‍ധിപ്പിക്കുന്ന ഘടകമാണ്.

വികസിതമെന്ന് പറയുന്ന വന്‍കിട രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ സ്വര്‍ണ ശേഖരത്തിന്റെ എത്രയോ മടങ്ങാണ് ഇന്ത്യന്‍ വീടുകളില്‍ ഇരിക്കുന്നത്. ലോകത്തിലെ അതിസമ്പന്ന രാജ്യമായ യുഎസിന്റെ ദേശീയ ബാങ്കിലെ സ്വര്‍ണ ശേഖരം 8,000 ടണ്‍ മാത്രമാണെന്ന് അറിയുമ്പോഴാണ് നമ്മുടെ വീടുകളിലെ സ്വര്‍ണത്തിന്റെ അളവ് എത്ര വലുതാണെന്ന് തിരിച്ചറിയുക.

The post ഇന്ത്യന്‍ വീടുകളിലുള്ളത് 50,000 മെട്രിക് ടണ്‍ സ്വര്‍ണം; യുഎസ് ബേങ്കില്‍ 8,000 ടണ്‍ മാത്രം appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button