Kerala

കൊച്ചിയിൽ ബീഫ് വിൽക്കുന്നു എന്ന് പരാതി; മോദിയെയും യോഗിയെയും ടാഗ് ചെയ്ത യുവാവിന് കമന്റ് ബോക്സിൽ പൊങ്കാലയിട്ട് മലയാളികൾ

കൊച്ചി: കൊച്ചിയിലെ എസ് ആർ ടീ ഷോപ്പ് എന്ന കടയിൽ പരസ്യമായി ബീഫ് വിൽക്കുന്നുവെന്ന യുവാവിൻ്റെ സോഷ്യൽമീഡിയ പോസ്റ്റിന് താഴെ മലയാളികളുടെ ബീഫ് റെസിപ്പികൾ. ഇത് ഉത്തർപ്രദേശ് അല്ലെന്നും കേരളമാണെന്നും, ഞങ്ങൾ മലയാളികൾ ഇഷ്ടമുള്ളത് കഴിക്കുമെന്നും, വത്യസ്തമായ ബീഫ് റെസിപ്പികളും തുടങ്ങി ആയിരക്കണക്കിന് കമൻ്റുകളാണ് യുവാവിന്‍റെ കമൻ്റ് സെക്ഷൻ നിറയെ. ഉത്തരേന്ത്യൻ സ്വദേശി സഞ്ജയ് ശർമയാണ് കൊച്ചിയിലെ വഴിയോര ഭക്ഷണശാലയിൽ ബീഫ് വിൽക്കുന്നതിനെ വിമർശിച്ച് രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇടപെട്ട് രാജ്യവ്യാപകമായി നടപടി സ്വീകരിക്കണമെന്നാണ് യുവാവിന്റെ ആവശ്യം.

കേരളത്തിലെ കൊച്ചിയിൽ കണ്ട കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു. ഒരു പ്രാദേശിക വഴിയോര ഭക്ഷണശാലയിൽ യാതൊരു മടിയുമില്ലാതെ പരസ്യമായി ബീഫ് വിൽക്കുന്നതിന്‍റെ ചിത്രമാണിത്. ഹൈന്ദവ പാരമ്പര്യത്തിലും ഗോമാതാവിനോടുള്ള ആദരവിലും ആഴത്തിൽ വേരൂന്നിയ ഒരു രാജ്യത്ത്, നമ്മുടെ തെരുവുകളിൽ ഇത്തരമൊരു കാഴ്ച കാണേണ്ടി വരുന്നത് അങ്ങേയറ്റം വേദനാജനകമാണ്. നമ്മുടെ പവിത്രമായ മൂല്യങ്ങളെ മാനിക്കുന്ന തരത്തിലുള്ള രാജ്യവ്യാപകമായ നിയമനിർമാണങ്ങൾ കൊണ്ടുവരാൻ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഈ വിഷയം ശ്രദ്ധിക്കണമെന്ന് ഞാൻ ആത്മാർഥമായി അഭ്യർത്ഥിക്കുന്നു. നമ്മുടെ വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും സംരക്ഷിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃതമായ ഒരു സമീപനം അനിവാര്യമാണ്’ ഇതായിരുന്നു iamsharmasanjay എന്ന വ്ലോഗർ ഇൻസ്റ്റയിൽ പങ്കുവെച്ച കുറിപ്പ്. ഒപ്പം ഹോട്ടലിന്‍റെ ഫോട്ടോയും മെനു പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബോര്‍ഡിന്‍റെയും ഫോട്ടോ ഇയാൾ പോസ്റ്റ് ചെയുതു.

ബീഫ് ഫ്രൈ, ബീഫ് റോസ്റ്റ്, ബീഫ് സ്റ്റ്യൂ, ബീഫ് കുറുമ, ചില്ലി ബീഫ്, കപ്പ ബിരിയാണി തുടങ്ങി കേരളത്തിലെ ബീഫ് വിഭവങ്ങളുടെ നീണ്ട പട്ടിക തന്നെ മലയാളികൾ കമൻ്റ് സെക്ഷനിൽ പങ്കുവച്ചു. ‘മോദിയുടെ നേതൃത്വത്തിന് കീഴിൽ ലോകത്തിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതി രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും ഈ കയറ്റുമതിയുടെ വലിയൊരു പങ്കും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശിൽ നിന്നാണ് സംഭാവന ചെയ്യുന്നതെന്നും നിങ്ങൾ അറിഞ്ഞിരിക്കണം.” എന്ന് മറ്റൊരാൾ കമന്‍റ് ചെയ്യുന്നു. ‘ലേശം മൊരിഞ്ഞ ബീഫും പൊറോട്ടയും എടുത്താലോ?’ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ‘ബീഫിന്‍റെ ഏറ്റവും വലിയ കയറ്റുമതിക്കാര്‍ യോഗിയുടെ ഉത്തര്‍പ്രദേശാണ്. ‘അമ്മ’യെ കയറ്റുമതി ചെയ്യാന്‍ നാണമില്ലേ? എന്നും കമൻ്റ് സെക്ഷനിൽ ചോദ്യം ഉയർന്നു.

കഴിഞ്ഞ ഒക്ടോബറിൽ ഫോർട്ട് കൊച്ചിയിലെ കാശി ആർട്ട് കഫേയിൽ ബീഫ് വിളമ്പുന്നതിനെതിരെ വർഗീയ പരാമർശം നടത്തിയ വ്ലോഗർ അമൃത് സിങ് ഡാരനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിൻ്റെ ചൂടാറും മുൻപാണ് കൊച്ചിയിലെ ബീഫ് വിൽപ്പന ചൂണ്ടിക്കാട്ടി സഞ്ജയ് ശർമയുടെ പോസ്റ്റും ചർച്ചയാകുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button