ചർച്ചയ്ക്ക് വിളിച്ചുവരുത്തി ഗേറ്റിൽ തടഞ്ഞു; ഏഴ് ദിവസം ഐസിയുവിൽ കഴിഞ്ഞ തന്നോടാണ് ഈ നടപടിയെന്ന് വളർമതി

തിരുവനന്തപുരം: എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികളെ ചര്‍ച്ചയ്ക്ക് വിളിച്ചു വരുത്തിയിട്ടു ഗേറ്റില്‍ തടഞ്ഞെന്നു സമരസമിതി നേതാവ് വളര്‍മതി. ചര്‍ച്ചയ്ക്ക് വന്നത് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടെന്നും, കയറ്റി വിടാന്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്നു പറഞ്ഞു. സുരക്ഷ ഉദ്യോഗസ്ഥര്‍ തടഞ്ഞു വെന്നും വളര്‍മതി വ്യക്തമാക്കി. ഏഴ് ദിവസം ഐസിയുവില്‍ കിടന്നിട്ട് വന്ന ആളോടാണ് ഈ നടപടിയെന്നും വളര്‍മതി പറഞ്ഞു.
വളര്‍മതി വെയ്റ്റിംഗ് റൂമില്‍ ഇരിക്കുകയാണെന്ന് മറ്റ് സമരക്കാര്‍ പറഞ്ഞു. സമയം ഒന്നും അറിയിച്ചിരുന്നില്ല. വെയ്റ്റിംഗ് റൂമില്‍ ഇരിക്കാന്‍ ആണ് പറഞ്ഞത് – സമരക്കാര്‍ പറഞ്ഞു. എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികളുമായി വിദ്യാഭ്യാസ മന്ത്രി സംസാരിച്ചു.
അനുപാതത്തിന്റെ കാര്യത്തില്‍ ഒന്നുകൂടി ചര്‍ച്ചകള്‍ ആവശ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു. ചര്‍ച്ചയ്ക്ക് എന്നും സര്‍ക്കാര്‍ സന്നദ്ധരാണ്. അവരുടെ നാല് ആവശ്യങ്ങള്‍ അംഗീകരിച്ച ഉത്തരവ് ഇന്നിറങ്ങും. സാമ്പത്തിക ബാധ്യതയാണ് പ്രധാന വിഷയം. അക്കാര്യം മന്ത്രിസഭായോഗത്തിലും ചര്‍ച്ചയ്ക്ക് വന്നു. ഇപ്പോള്‍ നല്കിയ ഉറപ്പുകള്‍ നടപ്പാക്കുമ്പോള്‍ തന്നെ 25 കോടി രൂപയുടെ അധിക ബാധ്യത വരും. വിദ്യാര്‍ത്ഥി അധ്യാപക അനുപാതം കുറയ്ക്കുന്നതില്‍ പുതിയ ഫോര്‍മുല ഒന്നും മുന്പില് ഇല്ല – അദ്ദേഹം പറഞ്ഞു.
അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്ക്കണമെന്ന നിര്‍ദേശത്തെ ധനവകുപ്പ് മന്ത്രിസഭയില്‍ എതിര്‍ത്തതോടെയാണ് ചര്‍ച്ച അനിശ്ചിതത്വത്തിലായത്. സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടിയാണ് ധനവകുപ്പിന്റെ എതിര്‍പ്പ്.



