Kerala

17കാരി ഫെയർനെസ് ക്രീം വാങ്ങിയത് ഇൻസ്റ്റഗ്രാം വഴി; പേജ് അപ്രത്യക്ഷം

ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഫെയർനെസ് ക്രീമിന്റെ ഇൻസ്റ്റാഗ്രാം പേജ് അപ്രത്യക്ഷം. ഇൻഫ്ലുവൻസർമാർ ടാഗ് ചെയ്തിരുന്നത് ഈ അക്കൗണ്ടിലേക്കാണ്. ഇൻസ്റ്റഗ്രാം വഴി വാങ്ങിയ ഫേസ് ക്രീം ഉപയോഗിച്ച പതിനേഴുകാരിയുടെ വൃക്കകളുടെ പ്രവർത്തനം തകരാറിലായി. ക്രീമിലെ മെർക്കുറിയുടെ സാന്നിധ്യം മൂലം പെൺകുട്ടിക്ക് മെംബ്രനസ് നെഫ്രോപതി എന്ന വൃക്കരോഗം ബാധിക്കുകയായിരുന്നു.

വിദഗ്ധ ചികിത്സയിലൂടെ പെൺകുട്ടി അപകടനില തരണം ചെയ്തു.കേന്ദ്രസർക്കാർ അംഗീകൃത ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഉപയോഗിച്ച ഫേസ് ക്രീമിൽ 1.25 ശതമാനം മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതെന്ന് ചികിത്സിച്ച ഡോക്ടർ വ്യക്തമാക്കി. സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ്. ഏകദേശം ഒരു വർഷത്തോളമായി പെൺകുട്ടി ഈ ക്രീം ഉപയോഗിക്കുന്നുണ്ടായിരുന്നു.

തുടക്കത്തിൽ ആരോഗ്യപ്രശ്നങ്ങളൊന്നും അനുഭവപ്പെട്ടിരുന്നില്ലെങ്കിലും പിന്നീട് പഠിക്കാൻ ബുദ്ധിമുട്ട്, അമിത ക്ഷീണം, രാത്രിയിൽ ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. തുടർന്ന് കൈകാലുകളിലും മുഖത്തും നീരുണ്ടായതോടെയാണ് ചികിത്സ തേടിയത്. രക്തപരിശോധനയിൽ ശരീരത്തിൽ മെർക്കുറിയുടെ അളവ് ഉയർന്നതായി കണ്ടെത്തി. പിന്നാലെ ഉപയോഗിച്ച ക്രീം പരിശോധനയ്ക്ക് അയച്ചപ്പോഴാണ് അതിൽ ഉയർന്ന തോതിൽ മെർക്കുറി ഉള്ളതായി സ്ഥിരീകരിച്ചത്.

ഒരു ഇൻസ്റ്റഗ്രാം പേജ് വഴിയാണ് പെൺകുട്ടി ക്രീം വാങ്ങിയത്. മുഖക്കുരു, കരുവാളിപ്പ് എന്നിവ പോകുമെന്നായിരുന്നു ക്രീമിന്റെ കമ്പനി അവകാശപ്പെട്ടിരുന്നത്. പതിനഞ്ച് ദിവസം കൊണ്ട് മുഖകാന്തി വർദ്ധിപ്പിക്കുമെന്നായിരുന്നു ഇന്സ്റ്റഗ്രാമിൽ വ്യാപകമായി നടത്തിയിരുന്ന വാഗ്ദാനം. ആദ്യബോട്ടിൽ ഉപയോഗിച്ചപ്പോൾ ഫലപ്രദമെന്ന് തോന്നി. ഒരു വർഷത്തിനിടെ മൂന്ന് ബോട്ടിലുകളാണ് ഉപയോഗിച്ചത്. എന്നാൽ, പിന്നീട് ആരോഗ്യപ്രശ്നങ്ങൾ തുടങ്ങി. ഉൽപന്നത്തെക്കുറിച്ച് പിന്നീട് പരാതിപ്പെട്ടപ്പോൾ മെർക്കുറി ചേർക്കുന്നില്ലെന്നും പ്രകൃതിദത്ത ചേരുവകൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്നുമായിരുന്നു വിൽപനക്കാർ മറുപടി നൽകിയതെന്നും പെൺകുട്ടി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button