അമേരിക്കയിൽ ഇംഗ്ലീഷ് ഫുട്ബോൾ താരം വെടിയേറ്റു മരിച്ചു; 22കാരൻ അറസ്റ്റിൽ

അമേരിക്കയിലെ മിസിസിപ്പിയിൽ ഇംഗ്ലണ്ടിൽ നിന്നുള്ള യുവ ഫുട്ബോൾ താരം വെടിയേറ്റ് മരിച്ചു. ലണ്ടൻ സ്വദേശിയായ ക്രിഷ് മഹാത്മ (18) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഡാനി ലൂണ (22) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മിസിസിപ്പിയിലെ ജാക്സൺ നഗരത്തിൽ നവംബർ 22 ഞായറാഴ്ച പുലർച്ചെയാണ് സംഭവം. നഗരത്തിലെ ഗ്രീൻ ഗോസ്റ്റ് ടാക്കോസ് എന്ന ഭക്ഷണശാലയ്ക്ക് സമീപമാണ് വെടിവെപ്പുണ്ടായത്. സംഭവസമയത്ത് ഭക്ഷണശാല പ്രവർത്തിച്ചിരുന്നില്ലെന്നാണ് ഉടമ വ്യക്തമാക്കിയത്.
കോപ്പിയ ലിങ്കൺ കമ്മ്യൂണിറ്റി കോളജിലെ ഒന്നാം വർഷ വിദ്യാർഥിയും ഫുട്ബോൾ ടീം അംഗവുമായിരുന്നു ക്രിഷ്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ താരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നവംബർ 24നാണ് ഡാനി ലൂണയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. യുഎസ് മാർഷൽസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.
സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. യുവതാരത്തിന്റെ വിയോഗത്തിൽ കോളജ് അധികൃതരും സഹതാരങ്ങളും അനുശോചനം രേഖപ്പെടുത്തി.
📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support



