Kerala

വല്ലാർപാടം സമരം: രണ്ടായിരത്തോളം കണ്ടെയ്നറുകൾ കെട്ടിക്കിടന്നു; ഇറക്കുമതിക്കാർക്ക് 15 കോടിയിലേറെ രൂപയുടെ നഷ്ടം

വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലെ സമരം മൂലം ചരക്കു കെട്ടിക്കിടന്ന വകയിൽ ഇറക്കുമതിക്കാർക്കു 15 കോടിയിലേറെ രൂപ അടയ്ക്കേണ്ടിവന്നെന്നു വ്യാപാരി സംഘടനകൾ. മുൻകൂർ നോട്ടീസ് ഇല്ലാതെ ആഴ്ചകളോളം നീണ്ട സമരത്തെത്തുടർന്നു രണ്ടായിരത്തോളം കണ്ടെയ്നർ ടെർമിനലിൽ കെട്ടിക്കിടന്നു. അതിന്‍റെ ഡമറേജ് ചാർജ് ഉൾപ്പെടെ ഏകദേശം 15 കോടി രൂപയാണു വ്യാപാരികൾ ടെർമിനലിൽ അടച്ചതെന്ന് അവർ പറഞ്ഞു.

ഈ നഷ്ടം സമരം പ്രഖ്യാപിച്ചവരിൽനിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്കു കത്തു നൽകുമെന്നു കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) ദേശീയ സെക്രട്ടറി എസ്.എസ്. മനോജ്, സംസ്ഥാന പ്രസിഡന്‍റ് പി. വെങ്കിട്ടരാമയ്യർ, ഓൾ കേരള ഫ്രൂട്ട് മർച്ചന്‍റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് യഹിയാ കോയ എന്നിവർ അറിയിച്ചു. നടപടിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു.

ഇറക്കുമതി ചെയ്ത കണ്ടെയ്നറുകളിൽ പലതിലും പ്രത്യേക പരിപാലനം ആവശ്യമായ പെരിഷബിൾ ഗുഡ്സ് ഇനത്തിൽപ്പെട്ട പഴവർഗങ്ങൾ ഉൾപ്പെടെയുള്ള ചരക്കായിരുന്നു. ഇവ കെട്ടിക്കിടന്നതിന്‍റെ നഷ്ടം കൂടി കണക്കാക്കിയാൽ ആകെ നഷ്ടം ഇനിയും കൂടുമെന്നു നേതാക്കൾ പറഞ്ഞു. മാർക്കറ്റിൽ കൃത്യസമയത്തു ചരക്ക് എത്താത്തതിന്‍റെ നഷ്ടം വേറെയാണ്. സമരം തുറമുഖത്തിനെതിരേ ആയിരുന്നെങ്കിലും ഇതിന്‍റെ നഷ്ടം പൂർണമായും വ്യാപാരികൾക്കാണെന്നും അവർ ചൂണ്ടിക്കാട്ടി.

സമരാഹ്വാനം ചെയ്തവർ ഉപാധികളില്ലാതെ സമരം പിൻവലിച്ചതോടെ അവരുടെ ഉദ്ദേശ്യശുദ്ധി സംശയിക്കപ്പെടുന്നെന്നും ഇതിനു പിന്നിൽ മറ്റെന്തെങ്കിലും ഗൂഢാലോചന ഉണ്ടോ എന്ന് അന്വേഷിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. പല കമ്പനികളും കൊച്ചിയിലേക്ക് ഓർഡർ എടുക്കാത്തത് ഗുരുതരമായ സ്ഥിതിയാണെന്നും അവർ കൂട്ടിച്ചേർത്തു.

കസ്റ്റംസ് സ്കാനിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിൽ വല്ലാർപാടം ടെർമിനലിലെ കണ്ടെയ്നർ ലോറി ഡ്രൈവർമാർ നടത്തിയ സമരം 13 ദിവസത്തിനുശേഷം അവസാനിപ്പിക്കുകയും ഡ്രൈവർമാർ തിങ്കളാഴ്ച മുതൽ ജോലിക്കു കയറാൻ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button