Kerala

ക്രൂരമർദനത്തിൽ മരിച്ചെന്ന് കരുതി; സ്വർണവും പണവുമായി മോഷ്ടാക്കൾ കടന്നു, സംഘത്തിലെ ഒരാൾക്ക് മലയാളവും അറിയാം; ഭീതിയൊഴിയാതെ കുഞ്ഞമ്മ

കിഴക്കമ്പലത്ത് വയോധികയെ കെട്ടിയിട്ട് മർദിച്ച് പണവും സ്വർണവും കവർന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിക്രൂര മർദനത്തെത്തുടർന്ന് താൻ മരിച്ചെന്ന് കരുതിയ ശേഷം മോഷണമുതലുമായി കവർച്ചക്കാർ കടന്നുകളയുകയായിരുന്നു എന്നാണ് അതിക്രമത്തിനിരയായ വയോധികകുഞ്ഞമ്മയുടെ വെളിപ്പെടുത്തൽ. കേസിൽ അസം സ്വദേശികളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

‘ഒരാൾ കാൽ കൂട്ടിപ്പിടിച്ചു. ഒരുത്തൻ കയ്യിലെ വള ഊരി. അത് എനിക്ക് ഓർമയുണ്ട്. ഒരാൾ നെഞ്ചത്ത് മുട്ടുകാൽ ഒതുക്കിപ്പിടിച്ച് വായിൽ തുണിതിരുകി വാ കെട്ടി. ഒരുത്തൻ കയ്യിലെ മോതിരവും വലിച്ചൂരി. കാതിലുള്ളതും അവൻ ഊരിയെടുത്തു. എന്റെ ശ്വാസം നിലച്ച നിലയിലായപ്പോൾ, ജീവനില്ലെടാ, ഇനി നമുക്ക് പോകാം എന്ന് പറഞ്ഞ് പോവുകയായിരുന്നു. പോകുന്ന വഴിക്ക് അപ്പുറത്തെ മുറിയിലുണ്ടായിരുന്ന സ്വർണവും പണവും എടുത്ത് പോയി. തൊട്ടടുത്ത ടീച്ചറാണ് ഇവരകെ മുറ്റത്ത് കണ്ട് പൊലീസിനെ വിളിച്ചത്. പൊലീസ് ഉടനെ സ്ഥലത്തെത്തി. ജീവൻ പോകാതിരുന്നത് ഭാഗ്യം. മുമ്പ് കണ്ട പരിചയം ഉള്ളതുകൊണ്ടാണ് അവരോട് സംസാരിച്ചത്. അതിൽ ഒരുത്തന് മലയാളം അറിയുമായിരുന്നു’ – കുഞ്ഞമ്മ പറഞ്ഞു.

മോഷണ മുതലുമായി അസമിലേക്ക് കടക്കുന്നതിന്റെ ഭാഗമായി തൃശൂ‌ർ എത്തിയപ്പോഴാണ് പ്രതികൾ പിടിയിലാകുന്നത്. മുഫസിൽദീൻ, നൂറുജുൽ, സൈജുദ്ദീൻ എന്നിവരെയാണ് തൃശൂർ പൊലീസിന്റെ സഹായത്തോടെ കുന്നത്തുനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതികളിൽ നൂറുജുൽ കൊലപാതകക്കേസിലും സൈജുദ്ദീൻ മോഷണക്കേസിലും മുമ്പ് പ്രതികളായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button