ബാലരാമപുരത്ത് നിന്ന് കാണാതായ രണ്ട് വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ; അടിമുടി ദുരൂഹത

തിരുവനന്തപുരം ബാലരാമപുരം കോട്ടുകാൽക്കോണത്ത് കാണാതായ കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു എന്ന രണ്ട് വയസുകാരിയെയാണ് വീട്ടിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. രാവിലെയാണ് കുട്ടിയെ കാണാതായത്.
ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ലെന്നായിരുന്നു പരാതി. ബാലരാമപുരം പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് രണ്ട് വയസുകാരിയെ കിണറ്റിൽ കണ്ടെത്തിയത്. സംഭവത്തിൽ അടിമുടി ദുരൂഹതയാണ്. കുട്ടി തനിയെ പോയി കിണറ്റിലേക്ക് വീഴാനുള്ള സാധ്യതയില്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഒരാളെ ചോദ്യം ചെയ്യുന്നുണ്ടെന്നും നെയ്യാറ്റിൻകര ഡിവൈഎസ്പി അറിയിച്ചു
കൈവരിയുള്ള കിണറ്റിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. കുട്ടിയെ കാണാതായി എന്ന് പറയുന്ന സമയത്ത് അമ്മയുടെ സഹോദരൻ കിടന്ന മുറിയിൽ തീപിടിത്തവുമുണ്ടായി. തീയണക്കാനുള്ള വെള്ളം എടുത്ത് ഒഴിക്കുകയും ചെയ്തതിന് ശേഷമാണ് കുട്ടിയെ കാണാനില്ലെന്ന വിവരം വീട്ടുകാർ അറിയുന്നത്.
പുലർച്ചെ 5.30ന് കുട്ടി കരഞ്ഞത് കേട്ടിരുന്നുവെന്നും അമ്മയുടെ സഹോദരന്റെ മുറിയിലായിരുന്നു കുട്ടിയെന്നും അമ്മ പറയുന്നു. വിൻസെന്റ് എംഎൽഎ അടക്കമുള്ളവർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
The post ബാലരാമപുരത്ത് നിന്ന് കാണാതായ രണ്ട് വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ; അടിമുടി ദുരൂഹത appeared first on Metro Journal Online.



