Sports

ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി; 89ന് ഓൾഔട്ട്, കിവീസിന് 244 റൺസിന്റെ കൂറ്റൻ വിജയം

ഇന്ത്യൻ നിരയിൽ ആകെ മൂന്നുപേ‌ർ മാത്രമാണ് രണ്ടക്കം കടന്നത്

ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി. ജയത്തോടെ പരമ്പര സ്വന്തമാക്കാമെന്ന ലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇന്ത്യയെ കിവീസ് ബൗളർമാർ തകർത്തെറിയുകയായിരുന്നു. 334 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ ബാറ്റിംഗ് നിരയ്ക്ക് പിടിച്ചുനിൽക്കാനായില്ല. 244 റൺസിന്റെ ആധികാരിക വിജയമാണ് കിവീസ് സ്വന്തമാക്കിയത്.

26.4 ഓവറിൽ 89 റൺസ് മാത്രമെടുത്ത് ഇന്ത്യ ഓൾഔട്ടായി. ഇന്ത്യൻ നിരയിൽ ആകെ മൂന്നുപേ‌ർ മാത്രമാണ് രണ്ടക്കം കടന്നത്. ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. 11 വ‍ർഷത്തിനുശേഷമാണ് ഇന്ത്യ ഇത്രയും വലിയ മാർജിനിൽ തോൽക്കുന്നത്. സ്കോർബോർഡിൽ റൺസ് തെളിയുമുമ്പ് തന്നെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. രോഹിത് ശ‌ർമയും വിരാട് കൊഹ്‌ലിയും ശ്രേയസ് അയ്യരും പൂജ്യത്തിന് പുറത്തായി. ഗില്ലിന് പകരക്കാരനായി എത്തിയ റുതുരാജ് ഗെയ്‌ക്‌വാദ് അഞ്ച് റൺസെടുത്ത് മടങ്ങി.

ഇഷാന്‍ കിഷനും അക്സര്‍ പട്ടേലും ചേര്‍ന്നാണ് സ്കോര്‍ 50 കടത്തിയത്. ക്ഷമയോടെ പിടിച്ച് നില്‍ക്കാന്‍ ഇഷാന്‍ കിഷന്‍ ശ്രമിച്ചെങ്കിലും മാറ്റ് ഹെന്‍​റിക്ക് മുന്നില്‍ വീണു. 52 പന്തുകളില്‍ നിന്ന് 27 റണ്‍സ് നേടി ഇഷാൻ കിഷനും മടങ്ങി. അക്സർ പട്ടേലും നമൻ ധീറും 21 റൺസ് വീതം എടുത്ത പുറത്തായതോടെ വാലറ്റക്കാർക്ക് പിടിച്ചുനിൽക്കാനായില്ല. ആറ് വിക്കറ്റുകളാണ് ന്യൂസിലൻഡിന് വേണ്ടി ഹെന്‍​റി സ്വന്തമാക്കിയത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button