WORLD

വന്‍ പടയൊരുക്കവുമായി യു.എസ്; തിയോഡോര്‍ റൂസ്‌വെൽറ്റും ഗള്‍ഫ് തീരത്തേക്ക്

വാഷിങ്ടണ്‍: ഇറാന്‍ യുദ്ധം കടുപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കയുടെ മൂന്നാം വിമാന വാഹിനി കപ്പല്‍ പശ്ചിമേഷ്യയില്‍ എത്തി. നവംബര്‍ എട്ടിന് സിംഗപ്പൂരില്‍ നിന്ന് പുറപ്പെട്ട യു എസ് എസ് തിയോഡോര്‍ റൂസ്വെല്‍റ്റ് യുദ്ധക്കപ്പലാണ് മേഖലയില്‍ പുതിയതായി നങ്കൂരമിട്ടിരിക്കുന്നത്.

യു എസ് എസ് ജോര്‍ജ്ജ് വാഷിംഗ്ടണ്‍, യു എസ് എസ് ജോര്‍ജ്ജ് എച്ച് ഡബ്ല്യു ബുഷ് എന്നീ കപ്പലുകളെ നേരത്തെ തന്നെ മേഖലയില്‍ വിന്യസിച്ചിരുന്നു. നിരവധിയായ യുദ്ധവിമാനങ്ങളെ വഹിക്കാന്‍ ശേഷിയുള്ള യു എസ് എസ് തിയോഡോര്‍ റൂസ്വെല്‍റ്റ് മലാക്ക കടലിടുക്ക് വഴി പശ്ചിമേഷ്യയിലെത്തിയതോടെ മേഖലയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ രൂക്ഷമായി.

90ഓളം യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വഹിക്കാന്‍ തിയോഡോര്‍ റൂസ്വെല്‍റ്റിന് സാധിക്കും. ആണവ ഇന്ധനം ഉപയോഗിച്ചാണ് കപ്പലിന്റെ പ്രവര്‍ത്തനം. കപ്പലിനുള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന രണ്ട് ആണവ റിയാക്ടറുകളാണ് ഇതിന് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നത്. അതിനാല്‍ ഇന്ധനം നിറക്കാതെ വര്‍ഷങ്ങളോളം കടലില്‍ തന്നെ തുടരാന്‍ കപ്പലിന് സാധിക്കും.

മൂന്ന് വിമാനവാഹിനിക്കപ്പലുകള്‍ ഒരേസമയം മേഖലയിലെത്തിയത് ഒരിടവേളക്ക് ശേഷം യുഎസ് ആക്രമണം ശക്തമാക്കാനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഇറാന്‍ യുദ്ധം രൂക്ഷമായ സമയത്തും സമാനമായ രീതിയിലുള്ള വിന്യാസമുണ്ടായിരുന്നു. മുമ്പ് 2003ല്‍ ഇറാഖ് യുദ്ധത്തിന്റെ സമയത്താണ് മൂന്ന് കപ്പലുകളെ യു എസ് പശ്ചിമേഷ്യയില്‍ വിന്യസിച്ചിരുന്നത്.

ഒരു വശത്ത് ചര്‍ച്ചകളും മധ്യസ്ഥ നീക്കങ്ങളും നടക്കുന്നതിനിടെയാണ് അമേരിക്ക വലിയ രീതിയിലുള്ള പടയൊരുക്കം നടത്തുന്നത്. അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ട്രംപിനുണ്ടായ കനത്ത തിരിച്ചടിയെ തുടര്‍ന്ന് യുദ്ധ നീക്കങ്ങളില്‍ നിന്ന് ട്രംപ് പിന്‍മാറുമെന്ന പ്രതീക്ഷകള്‍ ഇതോടെ അസ്ഥാനത്താവുകയാണ്.

യു എസ് ആദ്യം ആക്രമിക്കട്ടെ എന്ന് കരുതി കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. സായുധ സംഘര്‍ഷത്തിനുള്ള തയ്യാറെടുപ്പുകള്‍ രഹസ്യമായി പൂര്‍ത്തിയാക്കാനാണ് നയതന്ത്ര ചര്‍ച്ചകളുമായി യുഎസ് ഇറങ്ങിയതെന്ന് ഇറാന്‍ വിദേശകാര്യ സഹമന്ത്രി പറഞ്ഞു. ബഹ്‌റൈനിലെ യു എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയതിനു പിന്നാലെയാണ് പുതിയ സൈനിക വിന്യാസം. യു എസ് മുന്നറിയിപ്പ് റഡാര്‍ സംവിധാനത്തെയും ഹെലികോപ്റ്റര്‍ കേന്ദ്രത്തെയും ലക്ഷ്യമിട്ടതായി ഇറാന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ റഡാര്‍ സംവിധാനത്തിന് കേടുപാടുകള്‍ സംഭവിച്ചെന്ന അവകാശവാദം യു എസ് നിഷേധിച്ചു. രണ്ട് ഇറാനിയന്‍ ഡ്രോണുകള്‍ തടഞ്ഞതായും അമേരിക്ക അറിയിച്ചു. വീണ്ടും യുദ്ധ സാഹചര്യം കനക്കുന്നത് നിലവില്‍ പ്രതിസന്ധിയില്‍ അകപ്പെട്ട ഗള്‍ഫ് മേഖലയില്‍ ആശങ്ക പടര്‍ത്തുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button