WORLD

തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡുകൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി അമെരിക്ക; നിയമന നടപടികൾക്ക് ഇനി 90 ദിവസം

വിദേശ തൊഴിലാളികൾക്ക് തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡുകൾ അനുവദിക്കുന്നതിനുള്ള നടപടികൾ കൂടുതൽ കർശനമാക്കാൻ അമെരിക്കയുടെ നിർദേശം. ഫിസിക്കൽ തെറാപ്പിസ്റ്റുകൾ, നഴ്‌സുമാർ തുടങ്ങി ഉയർന്ന വൈദഗ്ധ്യം ആവശ്യമുള്ള തസ്തികകളിൽ അമെരിക്കൻ പൗരന്മാർക്ക് നിയമനത്തിൽ മുൻഗണന ഉറപ്പാക്കുകയാണ് ലക്ഷ്യം.

20 വർഷത്തിനിടെ ആദ്യമായി പെർമനന്‍റ് എംപ്ലോയ്‌മെന്‍റ് റിവ്യൂ മാനേജ്മെന്‍റ് (പിഇആർഎം) കുടിയേറ്റ വിസ നടപടികളിലെ തൊഴിൽ വിപണി പരിശോധനാ ചട്ടങ്ങൾ പരിഷ്‌കരിക്കാനുള്ള നിർദേശമാണ് യുഎസ് തൊഴിൽ വകുപ്പ് ചൊവ്വാഴ്ച മുന്നോട്ടുവച്ചത്.

വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനായി തൊഴിലവസരങ്ങൾ പ്രത്യേക രീതിയിൽ രൂപകൽപ്പന ചെയ്യുന്നത് തൊഴിലുടമകൾക്ക് പുതിയ ചട്ടപ്രകാരം അനുവദിക്കില്ല. ഒഴിവുകൾ പരസ്യപ്പെടുത്തുമ്പോൾ എല്ലാ ഉദ്യോഗാർഥികൾക്കും തുല്യ അവസരം ഉറപ്പാക്കണം.

പരമ്പരാഗത അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങൾക്ക് പകരം തൊഴിലുടമകളുടെ വെബ്‌സൈറ്റുകൾ, തൊഴിൽ പോർട്ടലുകൾ, സമൂഹ മാധ്യമങ്ങൾ, തൊഴിൽമേളകൾ, ക്യാമ്പസ് റിക്രൂട്ട്‌മെന്‍റുകൾ എന്നിവയിലൂടെ ഒഴിവുകൾ പരസ്യപ്പെടുത്താനാണ് നിർദേശം. നിലവിൽ 30 ദിവസമായിരുന്ന ഒഴിവുകൾ പരസ്യപ്പെടുത്തുന്നതിനുള്ള കുറഞ്ഞ കാലാവധി 90 ദിവസമായി ഉയർത്താനും നിർദേശമുണ്ട്.

ഉയർന്ന വൈദഗ്ധ്യവും ഉയർന്ന ശമ്പളവും ലഭിക്കുന്ന തൊഴിലവസരങ്ങളിൽ വിദേശ തൊഴിലാളികളേക്കാൾ അമെരിക്കൻ തൊഴിലാളികൾക്ക് മുൻഗണന ഉറപ്പാക്കുന്നതാണ് നിർദേശമെന്ന് തൊഴിൽ സെക്രട്ടറി കീത്ത് സോണ്ടർലിങ് പറഞ്ഞു.

ഫിസിക്കൽ തെറാപ്പിസ്റ്റുകൾ, നഴ്‌സുമാർ, ശാസ്ത്ര-കലാ മേഖലകളിൽ അസാധാരണ കഴിവ് ആവശ്യമായ തസ്തികകൾ എന്നിവിടങ്ങളിൽ നിയമനം നടത്തുമ്പോഴും യോഗ്യരായ അമെരിക്കൻ ഉദ്യോഗാർഥികളെ പരിഗണിക്കണം.

ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട അമെരിക്കൻ തൊഴിലാളികൾക്കുള്ള സംരക്ഷണവും ശക്തമാക്കും. തൊഴിൽ സർട്ടിഫിക്കേഷൻ, കുടിയേറ്റ അപേക്ഷാ നടപടികൾ എന്നിവ പൂർത്തിയാകുന്നതുവരെ യോഗ്യരായ പിരിച്ചുവിടപ്പെട്ട തൊഴിലാളികളെ പരിഗണിക്കണമെന്നും യുഎസ് തൊഴിൽ വകുപ്പ് വ്യക്തമാക്കി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button