അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ യാത്രചെയ്യവെ അപകടം; ചരക്ക് ലോറിക്കടിയിൽപ്പെട്ട് ഏഴ് വയസുകാരൻ മരിച്ചു

ആർടിഒ ചെക്പോസ്റ്റിന് സമീപത്ത് ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു അപകടം
പാലക്കാട്: സ്കൂട്ടറും ചരക്കുലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് വയസുകാരൻ മരിച്ചു. മുതലമട അടവുമരം പുത്തൻപുരയ്ക്കൽ വീട്ടിൽ വിഷ്ണുവിന്റെയും അനറ്റിന്റെയും മകൻ ശ്രീഹരിയാണ് മരിച്ചത്. കൊല്ലങ്കോട് മംഗലം – ഗോവിന്ദാപുരം സംസ്ഥാനപാതയിൽ ഗോവിന്ദാപുരം ആർടിഒ ചെക്പോസ്റ്റിന് സമീപത്ത് ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു അപകടം.
അമ്മയും രണ്ടുകുട്ടികളും സഞ്ചരിച്ച സ്കൂട്ടറിൽ, അതേ ദിശയിൽ വന്ന ചരക്കുലോറി ഇടിക്കുകയായിരുന്നു. ഗോവിന്ദാപുരം അതിർത്തിക്കപ്പുറം തമിഴ്നാട് പ്രദേശത്തുള്ള ശ്രീ കന്തസ്വാമി സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർത്ഥിയായിരുന്നു ശ്രീഹരി. സ്കൂൾ വിട്ടശേഷം മൂത്തമകൻ ശ്രീഹരിയെയും ഇളയമകൻ സൈൽനെയും (അഞ്ച്) കൂട്ടി അടവുമരത്തിനടുത്തുള്ള വീട്ടിലേക്ക് അനറ്റ് സ്കൂട്ടറിൽ വരുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ലോറിയുടെ വശം സ്കൂട്ടറിന്റെ ഹാൻഡിൽ ഭാഗത്ത് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. സ്കൂട്ടറിൽ നിന്ന് മൂന്നുപേരും റോഡിലേക്ക് വീണു. പിന്നിലിരുന്ന ശ്രീഹരിയുടെ ദേഹത്തുകൂടെ ലോറിയുടെ പിൻചക്രം കയറുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ ശ്രീഹരി മരിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ലോറി ഡ്രൈവർ പൊള്ളാച്ചി സ്വദേശി ഉദയകുമാറിന്റെ (53) പേരിൽ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. മുമ്പ് ചെമ്മണാമ്പതി ഭാഗത്ത് ഏറെക്കാലം താമസിച്ചിരുന്ന വിഷ്ണുവും കുടുംബവും അടുത്തകാലത്താണ് ചുള്ളിയാർ ഡാമിനടുത്തുള്ള അടവുമരം ഭാഗത്തേക്ക് താമസം മാറിയത്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support



