WORLD

ഹോർമുസിൽ വീണ്ടും സ്ഫോടനം; ഇറാന്റെ നിയന്ത്രണം ലംഘിച്ച രണ്ട് എണ്ണക്കപ്പലുകൾ മൈനിൽ തട്ടി തീപിടിച്ചു

പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം രൂക്ഷമായി തുടരുന്നതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ രണ്ട് ഭീമൻ എണ്ണക്കപ്പലുകൾ (സൂപ്പർ ടാങ്കറുകൾ) കടൽ മൈനിൽ തട്ടി പൊട്ടിത്തെറിച്ചതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അവകാശപ്പെട്ടു. കടലിടുക്കിന് കിഴക്കൻ മേഖലയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് ഐആർജിസി നാവികസേന പ്രസ്താവനയിൽ അറിയിച്ചു.

​ഇറാൻ നാവികസേനയുടെ കർശന നിർദേശങ്ങളും മുന്നറിയിപ്പുകളും അവഗണിച്ച് നിരോധിത മേഖലയിലൂടെ സഞ്ചരിച്ച കപ്പലുകളാണ് അപകടത്തിൽപ്പെട്ടത്. തിരിച്ചറിയൽ സംവിധാനങ്ങളും നാവിഗേഷൻ ഉപകരണങ്ങളും (ട്രാൻസ്പോണ്ടറുകൾ) ഓഫ് ചെയ്ത ശേഷമാണ് ഈ കപ്പലുകൾ കടലിടുക്കിലേക്ക് പ്രവേശിച്ചതെന്ന് ഇറാൻ ആരോപിച്ചു. സ്ഫോടനത്തിന് പിന്നാലെ തീപിടിച്ച കപ്പലുകൾ ഒമാനിലെ അൽ ഗനം ദ്വീപിന് വടക്കായും ഹോർമുസ് കടലിടുക്കിന് കിഴക്കായും നിർത്തിയിട്ടിരിക്കുകയാണ്. കപ്പലുകളുടെ പേരോ ജീവനക്കാരുടെ വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

​അതേസമയം, ഹോർമുസ് കടലിടുക്കിന് കിഴക്കൻ മേഖലയിൽ വെച്ച് അമേരിക്കയുടെ ഒരു എം.ക്യു-1 പ്രിഡേറ്റർ (MQ-1 Predator) നിരീക്ഷണ ഡ്രോൺ വെടിവെച്ചിട്ടതായും ഐആർജിസി വ്യക്തമാക്കി. ഫെബ്രുവരി 28-ന് ഇറാനുമേൽ യുഎസും ഇസ്രായേലും സംയുക്ത ആക്രമണം നടത്തിയതിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. മേഖലയിലൂടെ അനുമതിയില്ലാതെ കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഇറാൻ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button