WORLD

ഇന്തോനേഷ്യയിൽ മിഠായി ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 24 മരണം; നിരവധി പേരെ കാണാതായി

ഇന്തോനേഷ്യയിലെ ബാന്റൻ പ്രവിശ്യയിലുള്ള മിഠായി നിർമാണ ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തത്തിൽ കുറഞ്ഞത് 24 പേർ മരിക്കുകയും മുപ്പതിലധികം തൊഴിലാളികളെ കാണാതാവുകയും ചെയ്തു. സെറാങ് ജില്ലയിലെ സിക്കൻഡെയിലുള്ള ‘പിടി ഫോനുസ അഗുങ് മുലിയ’ (PT Fonusa Agung Mulia) എന്ന ഫാക്ടറിയിലാണ് ദാരുണമായ അപകടമുണ്ടായത്. പ്രശസ്തമായ ‘മിൽക്കിറ്റ’ (Milkita) ലോലിപോപ്പുകളും മറ്റ് കാൻഡികളും നിർമ്മിക്കുന്ന സ്ഥാപനമാണിത്.

​ശനിയാഴ്ച വൈകുന്നേരത്തോടെ മൂന്നുനില കെട്ടിടത്തിലുണ്ടായ തീപിടിത്തം 14 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാസേനയ്ക്ക് നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. അപകടസമയത്ത് ഫാക്ടറി വളപ്പിൽ മുന്നൂറോളം തൊഴിലാളികൾ ഉണ്ടായിരുന്നു. ഇതിൽ തീപിടിത്തം രൂക്ഷമായ ഭാഗത്തുണ്ടായിരുന്ന 63 പേരിൽ 29 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

​തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 24 ബാഗുകളിലായി മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തതായി ദേശീയ ദുരന്തനിവാരണ ഏജൻസി (Basarnas) അറിയിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡിഎൻഎ (DNA) പരിശോധന ഉൾപ്പെടെയുള്ള ഫോറൻസിക് നടപടികൾ ആവശ്യമായി വരും. കാണാതായ 34 തൊഴിലാളികൾക്കായി സൈന്യം, പോലീസ്, റെഡ് ക്രോസ് എന്നിവരടങ്ങുന്ന അഞ്ഞൂറിലധികം രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.

​കെട്ടിടത്തിലെ കൂളിംഗ് യൂണിറ്റിൽ നിന്നാണ് തീ പടർന്നതെന്നാണ് രക്ഷപ്പെട്ട തൊഴിലാളികൾ നൽകുന്ന സൂചന. കെട്ടിടത്തിന്റെ പല ഭാഗങ്ങളും തകർന്നതും തീ വീണ്ടും പടരാനുള്ള സാധ്യതയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. അപകടകാരണം സംബന്ധിച്ച് അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button