ബെൻഗാസി തുറമുഖത്ത് ഡ്രോൺ ആക്രമണം; റഷ്യൻ യുദ്ധക്കപ്പൽ മുങ്ങി: പിന്നിൽ യുക്രെയ്ൻ എന്ന് സംശയം

ബെൻഗാസി: ലിബിയയിലെ ബെൻഗാസി തുറമുഖത്ത് നങ്കൂരമിട്ടിരുന്ന റഷ്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ‘മെർക്കുറി’ (Merkury) ഡ്രോൺ ആക്രമണത്തിൽ തകർന്ന് മുങ്ങി. യുക്രെയ്‌നിന്റെ കടൽ ഡ്രോണുകളാണ് (Sea Drones) ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
ഞായറാഴ്ച പുലർച്ചെയാണ് സംഭവം. റഷ്യയിലേക്കുള്ള മടക്കയാത്രയ്ക്കിടെ ഇന്ധനം നിറയ്ക്കുന്നതിനും അവശ്യസാധനങ്ങൾ ശേഖരിക്കുന്നതിനുമായാണ് കപ്പൽ ബെൻഗാസി തുറമുഖത്ത് അടുപ്പിച്ചത്. തുറമുഖത്തിന് നേരെ ആറോളം ഡ്രോണുകൾ എത്തിയതായും ഇതിൽ നാലെണ്ണം വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തതായും ലിബിയൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, രണ്ട് ഡ്രോണുകൾ കപ്പലിൽ പതിക്കുകയും വൻ സ്ഫോടനവും തീപിടിത്തവുമുണ്ടാകുകയുമായിരുന്നു.
സ്ഫോടനത്തെത്തുടർന്ന് കപ്പൽ മറിയുകയും ഭൂരിഭാഗവും വെള്ളത്തിൽ മുങ്ങുകയും ചെയ്തതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ ലിബിയൻ നാവികസേന രക്ഷപ്പെടുത്തി. പരിക്കേറ്റ റഷ്യൻ, ലിബിയൻ ജീവനക്കാർ ചികിത്സയിലാണ്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ റഷ്യയോ യുക്രെയ്‌നോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. റഷ്യ-യുക്രെയ്ൻ യുദ്ധം ആഫ്രിക്കൻ തീരങ്ങളിലേക്കും വ്യാപിക്കുന്നത് മേഖലയിലെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാകുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. സംഭവത്തിൽ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് കിഴക്കൻ ലിബിയൻ ഭരണകൂടം ആവശ്യപ്പെട്ടു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support



