WORLD

യുണൈറ്റഡ് എയർലൈൻസിൽ സിസ്റ്റം തകരാർ; അമേരിക്കയിലുടനീളം 418 സർവീസുകൾ വൈകി, 21 എണ്ണം റദ്ദാക്കി

അമേരിക്കൻ വിമാനക്കമ്പനിയായ യുണൈറ്റഡ് എയർലൈൻസിലുണ്ടായ (United Airlines) വ്യാപകമായ സാങ്കേതിക തകരാറിനെത്തുടർന്ന് തിങ്കളാഴ്ച രാജ്യത്തുടനീളം 418 വിമാനങ്ങൾ വൈകി. ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ‘ഫ്ലൈറ്റ് അവയർ’ (FlightAware) പുറത്തുവിട്ട കണക്കുകൾ പ്രകാരം കമ്പനിയുടെ ആകെ സർവീസുകളുടെ 13 ശതമാനത്തെയാണ് തകരാർ ബാധിച്ചത്. ഇതിനുപുറമെ 21 വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു.

​വിമാനങ്ങൾ പുറപ്പെടുന്നതിന് മുൻപായി പൈലറ്റുമാർക്ക് ലഭിക്കേണ്ട വിമാനത്തിന്റെ ഭാരം സംബന്ധിച്ച അന്തിമ കണക്കുകളും (Aircraft weight calculations) ക്രൂ കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളുമാണ് തകരാറിലായത്. സുരക്ഷിതമായി പറന്നുയരുന്നതിന് ഈ വിവരങ്ങൾ അത്യന്താപേക്ഷിതമായതിനാൽ, വിമാനത്താവളങ്ങളിലെ ഗേറ്റുകളിൽ നിന്ന് വിമാനങ്ങൾ പുറപ്പെടുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ പൈലറ്റുമാർക്ക് നിർദ്ദേശം നൽകിയിരുന്നു. റൺവേയിലേക്ക് നീങ്ങിയ ചില വിമാനങ്ങൾ പോലും സാങ്കേതിക പ്രശ്നത്തെത്തുടർന്ന് തിരികെ ഗേറ്റിലേക്ക് മടങ്ങിയതായി യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

​അതേസമയം, ആകാശത്തായിരുന്ന വിമാനങ്ങളെയോ യുണൈറ്റഡ് എക്സ്പ്രസ് (United Express) സർവീസുകളെയോ ഈ തകരാർ ബാധിച്ചിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി. സംഭവത്തിന് പിന്നിൽ സൈബർ ആക്രമണമുള്ളതായി സൂചനകളില്ലെന്നും മണിക്കൂറുകൾക്കുള്ളിൽ തകരാർ പരിഹരിച്ച് സർവീസുകൾ സാധാരണ നിലയിലാക്കിയെന്നും യുണൈറ്റഡ് എയർലൈൻസ് അധികൃതർ അറിയിച്ചു.

​കഴിഞ്ഞ വെള്ളിയാഴ്ച ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ (FAA) നെറ്റ്‌വർക്ക് തകരാറിനെത്തുടർന്ന് അമേരിക്കയിലുടനീളം വിമാന സർവീസുകൾ മണിക്കൂറുകളോളം സ്തംഭിച്ചിരുന്നു. ഇതിന് പിന്നാലെ യുണൈറ്റഡ് എയർലൈൻസിലുണ്ടായ പുതിയ സാങ്കേതിക പ്രതിസന്ധി ആയിരക്കണക്കിന് യാത്രക്കാരെ വീണ്ടും ദുരിതത്തിലാക്കി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button