WORLD

വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ കുടിയേറ്റക്കാരുടെയും സൈനികരുടെയും ആക്രമണം; പലസ്തീൻ പാരാമെഡിക്കുകൾക്ക് നേരെ അതിക്രമം

വെസ്റ്റ് ബാങ്കിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്ന പലസ്തീൻ പാരാമെഡിക്കുകൾക്ക് നേരെ ഇസ്രായേൽ കുടിയേറ്റക്കാരുടെയും സൈനികരുടെയും ആക്രമണവും തടസ്സപ്പെടുത്തലും വർധിക്കുന്നതായി റിപ്പോർട്ട്. ആംബുലൻസുകൾ തടയുകയും ആരോഗ്യപ്രവർത്തകരെ ആക്രമിക്കുകയും ചെയ്യുന്നതിലൂടെ അടിയന്തര ചികിത്സാ സേവനങ്ങൾ പ്രതിസന്ധിയിലാകുന്നതായാണ് റിപ്പോർട്ടുകൾ.

2023 ഒക്ടോബർ ഏഴിന് ശേഷം വെസ്റ്റ് ബാങ്കിൽ ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ ഗണ്യമായി വർധിച്ചതായി മനുഷ്യാവകാശ സംഘടനയായ ഫിസിഷ്യൻസ് ഫോർ ഹ്യൂമൻ റൈറ്റ്സ് ഇസ്രായേൽ (PHRI) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 2022ൽ 93 ആയിരുന്ന ആരോഗ്യരംഗത്തെ ആക്രമണ സംഭവങ്ങൾ 2024ൽ 422 ആയി ഉയർന്നു. 350 ശതമാനത്തിലധികമാണ് വർധന.

നാബ്ലസിന് സമീപമുള്ള പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന 25 പാരാമെഡിക്കുകൾ, മെഡിക്കൽ ജീവനക്കാർ, സന്നദ്ധപ്രവർത്തകർ എന്നിവരിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സൈനിക ചെക്ക്‌പോസ്റ്റുകളിൽ ആംബുലൻസുകൾ തടയുക, യാത്ര വൈകിപ്പിക്കുക, ആരോഗ്യപ്രവർത്തകരെ ഭീഷണിപ്പെടുത്തുക, ശാരീരികമായി ആക്രമിക്കുക തുടങ്ങിയ സംഭവങ്ങൾ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

പരിക്കേറ്റ ഒരാളെ സഹായിക്കാൻ അടുത്തെത്തിയിട്ടും സൈനികർ തടഞ്ഞതിനെ തുടർന്ന് അയാൾ മരിച്ചുവെന്ന് ഒരു പാരാമെഡിക് വെളിപ്പെടുത്തിയതായും റിപ്പോർട്ടിലുണ്ട്. കുടിയേറ്റക്കാരുടെ വാഹനങ്ങൾ ഉപയോഗിച്ച് ആംബുലൻസുകളുടെ യാത്ര തടസ്സപ്പെടുത്തുന്നതായും ചില ഗ്രാമങ്ങളിലെ പ്രവേശന കവാടങ്ങൾ അടയ്ക്കുന്നതായും പരാതികളുണ്ട്.

ആക്രമണങ്ങളും തടസ്സപ്പെടുത്തലുകളും ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും പലസ്തീൻ അടിയന്തര ചികിത്സാ സംവിധാനത്തിന് നേരെയുള്ള ആസൂത്രിതമായ ആക്രമണമാണെന്നും PHRI ഗവേഷകൻ ഇമ്രാൻ അനാതി ആരോപിച്ചു.

അതേസമയം, പാരാമെഡിക്കുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നുവെന്ന ആരോപണം ഇസ്രായേൽ സൈന്യം നിഷേധിച്ചു. മെഡിക്കൽ സംഘങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കുന്നുണ്ടെന്നും ആരോഗ്യപ്രവർത്തകർക്കും ആംബുലൻസുകൾക്കുമെതിരായ അതിക്രമങ്ങളെ അപലപിക്കുന്നുവെന്നുമാണ് സൈന്യത്തിന്റെ വിശദീകരണം.

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ

എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button