സംസ്കൃത സർവകലാശാലയിലെ മുൻ എസ്എഫ്ഐ പ്രവർത്തകർക്ക് പിഎസ്സി വഴി കൂട്ടത്തോടെ നിയമനം; ക്രമക്കേട് ആരോപണത്തിൽ വീണ്ടും അന്വേഷണം

തിരുവനന്തപുരം: പിഎസ്സി പരീക്ഷാ- നിയമനക്രമക്കേടിൽ വീണ്ടും അന്വേഷണം. സംസ്കൃത സർവകലാശാലയിലെ മുൻ എസ്എഫ്ഐ പ്രവർത്തകരുടെ നിയമനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി ഉത്തരവിട്ടു. ക്രൈം ബ്രാഞ്ച് ഐജി അജീത ബീഗം അന്വേഷിക്കും. 2024-25 കാലത്തെ സർക്കാർ സ്കൂളുകളിലെ അധ്യാപക നിയമനങ്ങളിലാണ് അന്വേഷണം നടക്കുന്നത്. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആണ് പരാതി നൽകിയത്.
ചോദ്യപേപ്പറുകൾ തയ്യാറാക്കിയത് സംസ്കൃത സർവകലാശാലയിലെ ഇടത് അധ്യാപകരെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. കാലടി സർവകലാശാലയിലെ നിരവധി മുൻ വിദ്യാർഥികൾക്ക് ഒന്നിച്ച് നിയമനം ലഭിക്കുകയായിരുന്നു. എറണാകുളം ജില്ലയിലെ മുൻ ഡിവൈഎഫ്ഐ നേതാവു കൂടിയായ ഒരു പിഎസ്സി അംഗവും നിയമന ക്രമക്കേടിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് ആഭ്യമന്തരമന്ത്രി നിർദേശിച്ചത്.
രാഷ്ട്രീയ സ്വാധീനത്തിന്റെ ഫലത്തിലാണ് എസ്എഫ്ഐ നേതാക്കൾ കൂട്ടത്തോടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതെന്നും ഒരുമിച്ച് നിയമനം ലഭിച്ചതെന്നുമാണ് ആരോപണം. കുഫോസിലും നേരത്ത സമാനമായ ആരോപണം ഉയർന്നിരുന്നു. കുഫോസിലെ 38 വിദ്യാർഥികൾക്ക് ഫിഷറീസ് എക്സറ്റൻഷൻ ഓഫീസറായി നിയമനം ലഭിച്ചതായായിരുന്നു പരാതി. ഇതിന് പിന്നാലെയാണ് അധ്യാപക നിയമനത്തിലും പരാതി ഉയർന്നത്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support



