Gulf

റാസൽഖൈമ വാഹനാപകടം: മരിച്ചവരിൽ രണ്ട് മലയാളികൾ; തിരിച്ചറിഞ്ഞത് കണ്ണൂർ സ്വദേശികളെ

റാസല്‍ഖൈമയിലെ അല്‍ വതര്‍ റോഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരില്‍ മലയാളികളും. തലശ്ശേരി സ്വദേശി സങ്കീര്‍ത്ത സുരേഷ് (26) , മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ഹേമന്ത് പുതിയകാവിൽ (29) എന്നിവരാണ് മരിച്ചത്. ബന്ധുക്കളാണ് ഇരുവരുടെയും മരണം സ്ഥിരീകരിച്ചത്. അപകടത്തില്‍ കൂടുതൽ മലയാളികൾ മരിച്ചതായി അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്. അപകടത്തില്‍ മരിച്ച 13 പേരെയും തിരിച്ചറിയാനുള്ള നടപടികള്‍ തുടരുകയാണ്. പരിക്കേറ്റ 26 പേരില്‍ 12 പേര്‍ ആശുപത്രി വിട്ടു. മലയാളിയടക്കം രണ്ട് ഇന്ത്യക്കാരുടെ മൃതദേഹമാണ് ഇതുവരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. ആന്ധ്രാപ്രദേശ് സ്വദേശി വിനോദ് കുമാര്‍ (31) ആണ് മരിച്ച മറ്റൊരു ഇന്ത്യക്കാരന്‍.

വാഹനാപകടത്തില്‍ മരിച്ച 13 പേരില്‍ 11 പേരും ഇന്ത്യക്കാരാണെന്നാണ് വിവരം. മരിച്ച മറ്റ് രണ്ടുപേരില്‍ ഒരാള്‍ ഫിലിപ്പീന്‍സ് സ്വദേശിയും മറ്റൊരാള്‍ ശ്രീലങ്കന്‍ സ്വദേശിയുമാണ്. ഒമാനില്‍ വിസ പുതുക്കി മടങ്ങുകയായിരുന്ന പ്രവാസികളാണ് അപകടത്തില്‍പ്പെട്ട ബസിലുണ്ടായിരുന്നത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള ട്രാവല്‍സിന്റെ ബസാണ് ഇതെന്നാണ് വിവരം. തകരാറിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസമയത്ത് ബസില്‍ 41 യാത്രക്കാരുണ്ടായിരുന്നു.

അപകടത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റതായി യുഎഇ നാഷണല്‍ ആംബുലന്‍സ് അറിയിച്ചു. ഇതില്‍ 14 പേരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നും. അപകടത്തില്‍പ്പെട്ട ഇന്ത്യക്കാരുടെയും മരിച്ചവരുടെയും വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുമായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്. സഹായം ആവശ്യമുള്ളവര്‍ക്ക് 800 463442 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button