Kerala

ശബരിമലയിൽ ശുചിത്വമില്ലായ്മ; കടകൾക്ക് ഒരു ലക്ഷം രൂപ പിഴ, ഒരാഴ്ചയ്ക്കിടെ 29 നിയമലംഘനങ്ങൾ

ശബരിമല തീർഥാടനത്തോടനുബന്ധിച്ച് സന്നിധാനത്തും പരിസരത്തുമുള്ള കടകളിൽ നടത്തിയ പരിശോധനയിൽ ഒരാഴ്ചയ്ക്കിടെ ഒരു ലക്ഷം രൂപ പിഴ ചുമത്തി. 29 നിയമലംഘനങ്ങളാണ് അധികൃതർ കണ്ടെത്തിയത്.

ഹോട്ടലുകളിലും ഭക്ഷണശാലകളിലും ശുചിത്വമില്ലായ്മയാണ് പ്രധാനമായും കണ്ടെത്തിയ വീഴ്ച. ജീവനക്കാർ കൈയുറകളും തലയിൽ ധരിക്കേണ്ട കവചങ്ങളും ഉപയോഗിക്കാത്തതും അടുക്കളകൾ വൃത്തിഹീനമായി സൂക്ഷിക്കുന്നതും പരിശോധനയിൽ കണ്ടെത്തി.

തദ്ദേശസ്വയംഭരണം, റവന്യൂ, ആരോഗ്യം, ഭക്ഷ്യസുരക്ഷ, ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംയുക്ത സംഘമാണ് പരിശോധന നടത്തുന്നത്. രാത്രിയിലും പരിശോധന തുടരുന്നുണ്ട്.

നിശ്ചയിച്ച വിലയേക്കാൾ കൂടുതൽ തുക ഈടാക്കുന്ന കടകൾക്കെതിരെയും അളവിലും തൂക്കത്തിലും ക്രമക്കേട് നടത്തുന്നവർക്കെതിരെയും നടപടി സ്വീകരിക്കുന്നുണ്ട്.

കഴിഞ്ഞ ഞായറാഴ്ച സന്നിധാനത്തെ ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിക്കുകയും സ്ഥാപനത്തിന് പിഴ ചുമത്തുകയും ചെയ്തു. ചീഞ്ഞ പഴങ്ങളുടെ കേടായ ഭാഗം മാത്രം നീക്കി ബാക്കി ഉപയോഗിച്ച് ജ്യൂസ് തയ്യാറാക്കരുതെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

മൂന്ന് സ്ക്വാഡുകളായാണ് പരിശോധന നടക്കുന്നത്. അയ്യപ്പഭക്തരിൽ നിന്ന് നേരിട്ട് പരാതികളും അഭിപ്രായങ്ങളും സ്വീകരിച്ച് തുടർനടപടികളും സ്വീകരിക്കുന്നുണ്ട്.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ

എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button