Sports

ഐസിസി തലപ്പത്ത് ജയ് ഷായ്ക്ക് രണ്ടാമൂഴം; ചെയർമാനായി എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാനായി ജയ് ഷായെ രണ്ടാം തവണയും എതിരില്ലാതെ തെരഞ്ഞെടുത്തു. രണ്ട് വർഷത്തേക്കാണ് പുനർനിയമനം. ഐസിസി തിങ്കളാഴ്ചയാണ് ഇക്കാര്യം പുറത്തുവിട്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനാണ് ജയ് ഷാ.

നേരത്തെ ബിസിസിഐ സെക്രട്ടറിയായിരുന്ന 38കാരനായ ജയ് ഷാ 2024 ഡിസംബറിലാണ് ഐസിസി ചെയർമാനായി ചുമതലയേറ്റത്. ബാലിയിൽ ഞായറാഴ്ച സമാപിച്ച ഐസിസി ബോർഡ് യോഗത്തിലാണ് പുനർനിയമനത്തിന് തീരുമാനമായത്. ആഗോളതലത്തിൽ ക്രിക്കറ്റിന്‍റെ വളർച്ച, ആരാധകവൃന്ദത്തിന്‍റെ വ്യാപനം, വാണിജ്യ വികസനം എന്നിവയ്ക്ക് മുൻഗണന നൽകുന്ന തന്ത്രപരമായ പദ്ധതികൾക്ക് ജയ് ഷായുടെ നേതൃത്വം തുടർച്ചയേകുമെന്ന് ഐസിസി പ്രസ്താവനയിൽ പറഞ്ഞു.

2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിലൂടെ ക്രിക്കറ്റ് വീണ്ടും ഒളിമ്പിക്സിന്‍റെ ഭാഗമാകാനിരിക്കെയാണ് പുനർനിയമനം. ഒളിമ്പിക്സിലേക്കുള്ള ക്രിക്കറ്റിന്‍റെ തിരിച്ചുവരവ് പുതിയ പ്രേക്ഷകരിലേക്ക് കളിയെ എത്തിക്കാനും പുതിയ തലമുറയിലെ താരങ്ങളെയും ആരാധകരെയും ആകർഷിക്കാനുമുള്ള വലിയ അവസരമാണെന്ന് ജയ് ഷാ പ്രതികരിച്ചു.

ഐസിസി ബോർഡ് തന്നിൽ അർപ്പിച്ച വിശ്വാസത്തിൽ ഏറെ സന്തോഷമുണ്ടെന്നും ക്രിക്കറ്റിന്‍റെ ആഗോള വളർച്ചയ്ക്കായി അംഗരാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂസിലൻഡിന്‍റെ ഗ്രെഗ് ബാർക്ലേയുടെ പിൻഗാമിയായാണ് 2024-ൽ ജയ് ഷാ ഐസിസി ചെയർമാനായത്.

ജയ് ഷാ ശക്തമായ നേതൃത്വവും അംഗരാജ്യങ്ങളെ ഒരുമിപ്പിക്കാനുള്ള പ്രതിബദ്ധതയും പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഐസിസി ഡെപ്യൂട്ടി ചെയർമാനും സിംബാബ്‌വെ ക്രിക്കറ്റ് ചെയർമാനുമായ ടവെംഗ്വ മുകുഹ്ലാനി പറഞ്ഞു. ക്രിക്കറ്റിന്‍റെ ആഗോള താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ എല്ലാ അംഗരാജ്യങ്ങളുടെയും കൂട്ടായ സംഭാവനകൾക്ക് പ്രാധാന്യം നൽകുന്നതാണ് അദ്ദേഹത്തിന്‍റെ സമീപനമെന്നും മുകുഹ്ലാനി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button